കാഞ്ഞങ്ങാട്: വികസിതരാജ്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ബോഡി വോൺ കാമറകൾ. സ്റ്റേഷന്റെ അകത്തായാലും പുറത്തായാലും ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും കൃത്യമായ സുതാര്യത ഉറപ്പുവരുത്തുകയാണു ലക്ഷ്യം.
എല്ലാം കാമറയിൽ പതിയുന്നുണ്ടെന്ന ബോധ്യമുള്ളതുകൊണ്ട് അന്യായമായതോ നിയമം കൈയിലെടുത്തുകൊണ്ടുള്ളതോ ആയ കാര്യങ്ങൾ ചെയ്യാൻ പോലീസുദ്യോഗസ്ഥർ പൊതുവേ മടിക്കും. കാമറയുടെ മുന്നിൽ വച്ചുതന്നെ പൊതുജനങ്ങളെ മർദിക്കുന്ന ഇടിവീരന്മാർക്ക് ഇതൊന്നും ബാധകമല്ലെങ്കിലും ചെയ്യുന്ന കാര്യങ്ങൾക്കു കൂടുതൽ കൃത്യമായ തെളിവുണ്ടാകും.
കോടതിയിൽ തെളിവുകൾ ഹാജരാക്കുന്ന കാര്യത്തിലും ബോഡി വോൺ കാമറകൾ ഏറെ സഹായകമാണ്. കുറ്റകൃത്യം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തുമ്പോൾത്തന്നെ പ്രാഥമിക തെളിവുകൾ പോലീസുദ്യോഗസ്ഥരുടെ യൂണിഫോമിലെ കാമറയിൽ പതിയും. വാദിയോ പ്രതിയോ സാക്ഷിയോ ആയ ആളുകൾ ആദ്യംതന്നെ പറയുന്ന കാര്യങ്ങളും കാമറയിൽ പതിയും. പിന്നീട് അവർക്കു കോടതിയിൽ മൊഴി മാറ്റാൻ ബുദ്ധിമുട്ടാകും.
സംസ്ഥാനത്ത് ഒമ്പതു വർഷം മുമ്പ് 2016-17 സാമ്പത്തികവർഷത്തിൽത്തന്നെ സ്മാർട്ട് പോലീസിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി പോലീസുദ്യോഗസ്ഥർക്ക് ബോഡി വോൺ കാമറകൾ വാങ്ങാൻ സർക്കാരിന്റെ അനുമതിയായതാണ്. അന്ന് ഇതിനായി 30 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തുടർന്നുള്ള രണ്ടു സാമ്പത്തികവർഷങ്ങളിലും ഈ പദ്ധതിക്കായി തുക അനുവദിക്കുകയും അങ്ങനെ മൂന്നു വർഷങ്ങളിലായി ആകെ ഒരു കോടി രൂപയോളം ചെലവാക്കി 310 കാമറകൾ വാങ്ങുകയും ചെയ്തിരുന്നു.
ആദ്യവർഷം ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് 50 കാമറകൾ 29,99,560 രൂപയ്ക്കും അടുത്ത വർഷങ്ങളിൽ ആര്യ കമ്യൂണിക്കേഷൻസ് ആൻഡ് ഇലക്ട്രോണിക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് ആദ്യം 130 കാമറകൾ 29,95,200 രൂപയ്ക്കും വീണ്ടും 130 കാമറകൾ 39,55,295 രൂപയ്ക്കും വാങ്ങിയതായാണ് സാമൂഹ്യപ്രവർത്തകനായ കാസർഗോഡ് ചീമേനിയിലെ എം.വി. ശില്പരാജിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത്.
എന്നാൽ, ഈ കാമറകളെല്ലാം എന്തു ചെയ്തെന്നോ ഏതൊക്കെ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമുകളിൽ സ്ഥാപിച്ചുവെന്നോ ഇതിൽ വ്യക്തമായി പറയുന്നില്ല.
പിന്നീട് വർഷങ്ങളോളം ഈ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും ഉണ്ടായില്ലെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. എന്നാൽ ഈ സാമ്പത്തികവർഷം വീണ്ടും മറ്റൊരു പദ്ധതിയിൽ ഉൾപ്പെടുത്തി ബോഡി വോൺ കാമറകൾ വാങ്ങുന്നതിന് 2.7 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണെന്നും രേഖയിൽ വ്യക്തമാക്കുന്നു.
സ്ഥിരമായി യാത്ര ചെയ്യേണ്ടിവരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥരിൽ ചിലരുടെയെങ്കിലും യൂണിഫോമിൽ വർഷങ്ങൾക്കുമുമ്പ് ബോഡി വോൺ കാമറകൾ സ്ഥാപിച്ചുകണ്ടിരുന്നു. എന്നാൽ, ക്രമസമാധാന ചുമതലയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുമായി ഇടപഴകുന്ന ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് എവിടെയെങ്കിലും ഈ കാമറകൾ നൽകിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.